Popular Posts

Tuesday 21 October 2014

നിളെയ അറിഞ്ഞ്

ആരെയും അറിയിക്കാതെയായിരുന്നു ആ യാത്ര. ആരേയും കൂട്ടാതെ. പരിവാരങ്ങളും അകമ്പടിയുമില്ലാതെ. അതെന്റെ ഹൃദയത്തിലേക്കു തന്നെയുള്ള തീര്ഥയാത്രയായിരുന്നു. നിളയിലൂടെ, നിളയെ അറിഞ്ഞ്, നിളയിലലിഞ്ഞ് ഒരു യാത്ര. എനിക്കീ നദി അപരിചിതയല്ല. അതിന്റെ കരകളിലൂടെ ഞാന് എത്രയോ തവണ സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും അതിനെ പിന്പറ്റിയുള്ള ഒരു യാത്ര ഇതുവരെ ഉണ്ടായിട്ടില്ല. നിള കണ്ടാല് കേരളം പകുതി കണ്ടു എന്നു പറയാറുണ്ടല്ലോ. അതു ശരിയാണ്. നിള ഒരു സാധാരണ നദിയല്ല. അതിലൂടെയുള്ള യാത്ര വെറുമൊരു യാത്രയല്ല. അതു സംസ്കാരത്തിലൂടെയുള്ള സഞ്ചാരമാണ്. ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയുമുള്ള സഞ്ചാരമാണ്. കലയുടെയും ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഹൃദയത്തിലൂടെയുള്ള സഞ്ചാരമാണ്. ഏതു മലയാളിയും ഒരിക്കലെങ്കിലും നടത്തേണ്ട ആത്മാന്വേഷണയാത്രയാണ്.